Thursday 12 September 2013

പ്രണയതപസ്യ

ന്റെ ആത്മാവിന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും നഷ്ടബോധത്തിന്റെ ആഴക്കടലിലേക്ക് വലിച്ചെറിയുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി, ഒരു വാക്ക്...... 


വര്‍ഷങ്ങളായി ഞാന്‍ താലോലിച്ചിരുന്നവ, ഞാന്‍ സ്വപ്നം കണ്ടിരുന്നവ, ഞാന്‍ ഓര്‍മ്മയില്‍ കൊണ്ട് നടന്നവ...... എന്നും സ്വപ്നം കണ്ടുണരുന്ന ഒരു പൂന്തോട്ടം പെട്ടെന്നൊരു ദിവസം ഓര്‍മ്മയുടെ മണ്ഡലത്തില്‍ നിന്നും മാഞ്ഞ് പോയാല്‍ ആ വേദന, ആ നഷ്ടം, ആ സങ്കടം,,,,,  അത് മനസ്സിലാക്കാന്‍ ആര്‍ക്കുമാവില്ല.........

ഓര്‍മ്മയുടെ മുള്ളുകള്‍ ഹൃദയത്തില്‍ ആഴന്നിറങ്ങുമ്പോള്‍ രക്തം പൊടിയും.... ഒരു കാലം മുഴുവന്‍ എന്റെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന രൂപം. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ഞാന്‍ നിന്നെ അന്ധമായി സ്നേഹിച്ചു. ഒരു തരത്തില്‍ പറഞ്ഞാല്‍ നിന്നോടുള്ള ഭ്രാന്തമായ അഭിനിവേശം, അല്ലെങ്കില്‍ സര്‍വ്വവും സമര്‍പ്പിച്ചു കൊണ്ടുള്ള ആരാധന.....  അതായിരുന്നു എന്റെ വിശുദ്ധ സ്നേഹം......

നിന്നോടുള്ള എന്റെ സ്നേഹം എത്രമാത്രം എന്നു അറിയണമെങ്കില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണി നോക്കൂ........

പക്ഷേ,,, എന്റെ ചോരയില്‍ ചാലിച്ച പനിനീര്‍സുമങ്ങളാല്‍ കോര്‍ത്ത പൂമാല്ല്യം ചൂടാന്‍ നീ കൂട്ടാക്കിയില്ല...... എന്റെ പ്രാണന്റെ ലോലമാം സിരകളില്‍ കുറിച്ചിട്ട പ്രണയത്തിന്റെ വാക്കുകള്‍ നീ കണ്ടില്ല.....


കാര്‍ത്തിക വിളക്കിന്റെ പരിശുദ്ധിയോടെ, കല്‍വിളക്കിന്റെ സംശുദ്ധതയോടെ ഒരുകാലം മുഴുവന്‍ എന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന രൂപം,,,, ഓര്‍മ്മകളില്‍ പോലും കടന്നുവരാന്‍ നിനക്കു വൈമനസ്യമാണല്ലോ..... പലപ്പോഴും പണിപ്പെട്ട്, മറവിയുടെ മാറാല തട്ടിയെടുക്കുന്ന നിന്റെ മുഖം, കാര്‍മേഘാവൃതമായ ആകാശത്ത് ഒളിച്ചു കളിക്കുന്ന ഇന്ദുവിനെ ഓര്‍മിപ്പിക്കും...... ഇടക്കിടെ കനിവ് തോന്നി തലനീട്ടും... കണ്ടു കൊതിതീരും മുമ്പ് കരിമ്പടം വലിച്ചു മൂടുകയും ചെയ്യും.... ഞാന്‍ എന്നെത്തന്നെ വെറുത്തുപോകുന്ന നിമിഷങ്ങള്‍. അത്ര വലുതായിരുന്നു എന്റെ നഷ്ടം.

തംബുരുവിന്റെ സാന്ദ്രമധുരഗാനം പോലെ ഏഴുസ്വരങ്ങളും തഴുകിവരുന്ന അപൂര്‍വ്വ സുന്ദരരാഗത്തില്‍ ഞാന്‍ അലിഞ്ഞില്ലാതാകുകയാണ് എന്നു തോന്നിയ നിമിഷങ്ങള്‍. ആ സമയത്തും ഹൃദയം കൊളുത്തിവെച്ച മെഴുകുതിരി പോലെ ഉരുകിത്തീരുന്നത് ഞാനറിഞ്ഞിരുന്നു.

നിരര്‍ത്ഥകവും നശ്വരവുമായ ജീവിതത്തില്‍ ഒരാള്‍ക്കെന്തെങ്കിലും അമൂല്യമായിട്ടുണ്ടങ്കില്‍ അത് തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. ആ ഓര്‍മ്മകള്‍ എന്നില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെടണമെങ്കില്‍ ഞാന്‍ മരിക്കണം. അല്ലെങ്കില്‍ ഓര്‍മ്മകള്‍ മരിക്കണം. പക്ഷേ, ഓര്‍മ്മകള്‍ക്ക് മരണമുണ്ടോ? എനിക്കറിയില്ല.......


അടക്കിപ്പിടിച്ചിട്ടും വിങ്ങിപ്പൊട്ടുന്ന ആത്മാവിന്റെ തേങ്ങലടക്കാന്‍ പുഞ്ചിരി കൊണ്ട് മുഖം മറച്ച് ഉള്ളില്‍ പൊട്ടിക്കരയേണ്ടി വരുന്ന കൊടും വേദന, അതനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ..... യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും മനസ്സ് സ്വയം അസ്വസ്ഥതയുടെ കൊടുമുടികള്‍ താണ്ടുന്നു. എന്റെ മനസ്സിന്റെ മച്ചില്‍ നിന്നും നിലാവ് മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇരുട്ട് അതിന്റെ ആസന്നമായ ഗൃഹപ്രവേശനത്തിനായി ഒരുങ്ങി നില്‍ക്കുന്നു. മിഴി വഴുതി വീഴുമ്പോഴും, എന്റെ ഹ്യദയത്തില്‍ പെയ്തിറങ്ങിയ പുതുരാഗങ്ങളെല്ലാം ശൂന്യതയുടെ, വെറുപ്പിന്റെ, അനന്തതയുടേതായിരുന്നു....

കണ്ണീരുകൊണ്ട് മെനഞ്ഞെടുത്ത പ്രണയശില്‍പ്പങ്ങള്‍ കുതിര്‍ന്നു തുടങ്ങിയിട്ടും ഉലയിലെരിയുന്ന തിരിപോലെ പ്രശോഭിക്കുന്ന എന്റെ പ്രണയം തിരിച്ചറിയാന്‍ നിനക്കു കഴിഞ്ഞില്ല. എന്റെ ആത്മാവില്‍ നിന്നും ഉത്ഭവിക്കുന്ന സംഗീതം ഈ ലോകം ഉള്ളിടത്തോളം കാലം നിന്നെത്തേടിക്കൊണ്ടേയിരിക്കും. യുഗങ്ങളെത്ര കഴിഞ്ഞാലും എന്റെ ആത്മാവിന് ഈ അനുരാഗത്തിന്റെ നൊമ്പരം മറക്കാന്‍ കഴിയില്ല. ഭൂമിയില്‍ നിന്നെത്തഴുകുന്ന ഓരോ തെന്നലിലും എന്റെ പ്രണയത്തിന്റെ ഗന്ധമുണ്ടായിരിക്കും. നീ കാണുന്ന ഓരോ പക്ഷികളും എന്റെ പ്രണയത്തിന്റെ സന്ദേശവാഹകരായിരിക്കും.

സ്വന്തമെന്ന് അവകാശപ്പെടാനുള്ള അര്‍ഹതയെനിക്കില്ല, എങ്കിലും എന്റെ മോഹപ്പക്ഷീ; നീ ചിപ്പിക്കുള്ളില്‍ വീണ മഴത്തുള്ളി പോലെ എന്റെ മനസ്സില്‍ ഒരു മണിമുത്തായി............

കൊതിച്ചത് ലഭിക്കുന്നില്ലെങ്കില്‍ വിധിച്ചതുള്‍ക്കൊള്ളാനെന്റെ മനസ്സ് അനുവദിക്കുന്നില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ സമ്മാനിച്ച് കണ്ണെത്താദൂരത്തേക്ക് എന്റെ മോഹപ്പക്ഷി പറന്നു മറയുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി; “ഈ ജന്മത്തില്‍ എന്റെ ആത്മാവ് നിന്നോടൊപ്പമാണ്, നിന്നെയേ സ്നേഹിക്കൂ, നിന്നെ......  നിന്നെ മാത്രം.”

എല്ലാത്തിനും മൂകസാക്ഷിയായി ഒരാള്‍ മാത്രം. മൌനം.......... ഇനിയെല്ലാം പ്രാര്‍ത്ഥനകള്‍ മാത്രം. അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും പശ്ചാത്തപിച്ചു കൊണ്ട്, എന്റെ മോഹപ്പക്ഷിക്കു വേണ്ടി മാപ്പ്...........

എന്ന്,
സ്നേഹപൂര്‍വ്വം,
ഈ ഞാന്‍.........

No comments: