Tuesday 26 March 2013

സൂര്യനെല്ലി: ക്രൂരതയുടെ രാഷ്ട്രീയമുഖം

                  രാഷ്ട്രീയ കേരളത്തിനും, കേരളീയ പൊതു സമൂഹത്തിനും കണ്ണുനീർ സമ്മാനിച്ച പതിനേഴ് വർഷങ്ങൾ. ആ കണ്ണുനീരിനു അറുതിവരുന്നതിനു മുമ്പ്, ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സൂര്യനെല്ലി വിഷയം കത്തുകയാണ്. എന്താണ് സൂര്യനെല്ലിയിൽ സംഭവിച്ചതെന്ന് എല്ലാവർക്കും വ്യക്തം. പക്ഷേ, ആ സംഭവത്തോടും അതിന്റെ ഇരകളോടുമുള്ള കേരളീയ പൊതുസമൂഹത്തിന്റെ സമീപനം വളരെ വിചിത്രമെന്നു പറയാതെ വയ്യ.

                   1996 ജനുവരി 16 നാണ് മൂന്നാർ നല്ലതണ്ണി ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന പതിനാറുകാരിയെ കാണാതായത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു 'മാൻ മിസ്സിങ്' കേസുകളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു ഈ പെൺകുട്ടിയുടെ തിരോധാനവും. എന്നാൽ,നാൽപത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 26 ന്, പഴുത്തു പൊട്ടിയ ശരീരവുമായി പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്‌ പീഡന കഥയുടെ, കൊടും ക്രൂരതയുടെ ചുരുളഴിയുന്നത്. നാൽപതോളം പേർ ചേർന്നു ദിവസങ്ങളോളം കൊണ്ട് നടന്നു പീഡിപ്പിച്ചതിനു ശേഷം ചവച്ചരച്ചു തുപ്പുകയായിരുന്നു ആ പാവത്തിനെ.


       പെൺകുട്ടിയെ കെണിയിൽപ്പെടുത്തിയവർക്ക്, തങ്ങളുടെ ആവശ്യം കഴിഞ്ഞതിനു ശേഷമാണു അവളെ വേണ്ടാതായത്. എന്നാൽ, പ്രബുദ്ധമെന്നു വിശേഷിപ്പിക്കുന്ന കേരളീയ പൊതുസമൂഹത്തിനു എന്തുകൊണ്ട് പെൺകുട്ടിയെ വേണ്ടാതായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. പെൺകുട്ടി വീണ്ടും വേട്ടയാടപ്പെടുന്നു. പീഡിപ്പിച്ചവരാകട്ടെ, മാന്യതയുടെ മൂടുപടമണിഞ്ഞു സമൂഹത്തിൽ ഇന്നും വിലസുന്നു. ഉന്നത ബന്ധമുള്ളവരായതിനാൽ, നീതി-നിയമ വ്യവസ്ഥകളെ വിലയ്ക്കെടുത്ത് കൊണ്ട് അവർ രക്ഷപ്പെട്ടു. പെൺകുട്ടിയും കുടുംബവുമാകട്ടെ, അപമാനവും പേറി സ്വന്തം നാടും വീടും വിട്ടെറിഞ്ഞു കൊണ്ട് കോട്ടയത്തെ ഒരു ഗ്രാമപ്രദേശത്തേക്ക് ചേക്കേറി. വിവാഹമുൾപ്പെടെയുള്ള ജീവിതത്തിലെ സകല സന്തോഷങ്ങളും സ്വപ്നങ്ങളും കുഴിച്ചു മൂടപ്പെട്ടവളായി ഇന്നും ജീവിക്കുന്നു, സൂര്യനെല്ലി പെൺകുട്ടി എന്ന പേരിൽ.

       കേസിൽ പലരും പ്രതി ചേർക്കപ്പെടുകയും, പലരും രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, സംഭവത്തോടുള്ള ഹൈക്കോടതിയുടെ കാഴ്ച്ചപ്പാടും വിധി പ്രസ്താവനയും അങ്ങേയറ്റം അപഹാസ്യമായിരുന്നു. ശരീരം മുഴുവൻ പഴുത്തു പൊട്ടിയൊലിക്കുന്ന, നിരന്തരമായ രക്തസ്രാവം മൂലം ഇരിക്കാൻ പോലും സാധിക്കാത്ത പെൺകുട്ടിയെ നോക്കി, കേസ് പരിഗണിച്ച ജഡ്ജിമാർ പറഞ്ഞത്, പെൺകുട്ടി സ്വന്തം താത്പര്യ പ്രകാരം വേശ്യാവൃത്തിയിലേർപ്പെട്ടുവെന്നാണ്. അതേ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ബസന്ത്, സൂര്യനെല്ലിക്കേസ് പുന:പരിശോധിക്കണമെന്ന നിലവിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പെൺകുട്ടിയെപ്പറ്റി പറഞ്ഞ വാക്കുകൾ മാലോകർ മുഴുവൻ കേട്ടതാണ്. ന്യായാധിപന്മാരുടെ ഇത്തരത്തിലുള്ള സമീപനങ്ങൾ നീതി - ന്യായ വ്യവസ്ഥകൾക്കാകെ നാണക്കേടാണ്. മേൽക്കോടതിയുടെ വിധി പ്രസ്താവനയോട് ഒരു ന്യായാധിപന്റെ സമീപനം ഇതാണെങ്കിൽ, സാധാരണക്കാരും പൊതുജനങ്ങളും ഒരുപക്ഷേ ഇതിനേക്കാൾ തരംതാണ രീതിയിൽ പ്രതികരിച്ചെന്നു വരാം. അത്തരം സാഹചര്യങ്ങൾ രൂപപ്പെടാൻ ബസന്തിനെപ്പോലുള്ളവരുടെ നിലവാരം കുറഞ്ഞ സമീപനങ്ങൾ കാരണമാകുമെങ്കിൽ, അത് ജുഡീഷ്യറിയുടെ ഏറ്റവും വലിയ പരാജയം തന്നെയായിരിക്കും.

       സൂര്യനെല്ലിക്കേസ് പുന:പരിശോധിക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടർന്ന്, പത്രത്താളുകളിലും ചാനൽ ചർച്ചകളിലും വീണ്ടും സൂര്യനെല്ലി ഇടം നേടി. ഇതൊരു പക്ഷേ, പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിനു നിമിത്തമാകുമെന്ന് സ്വപ്നം കണ്ടവർക്ക്, കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടാണ് പി.ജെ കുര്യന്റെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പൊട്ടിപ്പുറപ്പെട്ടത്. അതോടു കൂടി, കുര്യൻ ചാനൽ ചർച്ചകളിൽ നിറഞ്ഞു. കുര്യൻ രാജിവെച്ചു അന്വേഷണത്തെ നേരിട്ടു കഴിഞ്ഞാൽ പെൺകുട്ടിക്ക് നീതി ലഭിക്കുമെന്ന തരത്തിലാണ് ഇന്നത്തെ ചർച്ചകൾ പുരോഗമിക്കുന്നത്. 

                   കുര്യനെ പിന്തുണച്ചും എതിർത്തും പലരും രംഗത്തെത്തി. കുര്യനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷവും മറ്റു പാർട്ടികളും സംഘടനകളും പതിവുപോലെ സമര മുഖങ്ങൾ തുറന്നു. കുര്യനു അകമഴിഞ്ഞ പിന്തുണയോടെ യു.ഡി.എഫും സർക്കാരും സുരക്ഷാ വലയമൊരുക്കി.

       ഇവിടെയാണ് ഇവരുടെയൊക്കെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നത്. കുര്യനെ കുരുക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ സി.പി.എമ്മും, കുര്യനെ സംരക്ഷിക്കാനായി യു.ഡി.എഫും ജനങ്ങളെ വിഡ്ഡികളാക്കുന്ന പൊറോട്ട നാടകവുമായി രംഗത്തുണ്ട്. രാഷ്ട്രീയത്തിൽക്കവിഞ്ഞ ഒരു താത്പര്യവും ഇവർക്കില്ലായെന്നുള്ളത് വ്യക്തം. കുര്യൻ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ളത് പക്ഷപാത രഹിതമായി അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യമാണ്. പക്ഷേ, തനിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ, അ 
ന്വേഷണത്തെ നേരിടാൻ കുര്യൻ തയ്യാറാകണമായിരുന്നു. കാരണം, രാഷ്ട്രത്തിന്റെ നിയമ നിർമ്മാണ സഭയുടെ ഉത്തരവാദപ്പെട്ട ഒരു പദവിയിലിരിക്കുന്ന വ്യക്തിയെന്ന നിലയിൽ, തന്റെ സത്യസന്ധതയും ആത്മാർത്ഥതയും തെളിയിക്കേണ്ട ബാധ്യത കുര്യനുണ്ട്. നിയമ നിർമ്മാണത്തിൽ പങ്കാളിയാകുന്ന വ്യക്തി നിയമത്തിന് അതീതനാകാൻ പാടില്ല.

പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ, കുര്യനെയൊഴിച്ച് ബാക്കി മുഴുവൻ പ്രതികളെയും തിരിച്ചറിയൽ പരേഡിനു വിധേയരാ
ക്കിയിരുന്നു. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നിട്ടും എന്തിനായിരുന്നു തിരിച്ചറിയൽ പരേഡിൽ നിന്നും കുര്യനെ മാത്രം ഒഴിവാക്കിയത്? അദ്ദേഹം നിരപരാധിയായിരുന്നുവെങ്കിൽ, കുര്യന്റെ കാര്യത്തിൽ പെൺകുട്ടിക്ക് തെറ്റു പറ്റിയിരുന്നുവെങ്കിൽ തിരിച്ചറിയൽ പരേഡിൽ അതു വ്യക്തമാകുമായിരുന്നു. അതല്ല കുര്യൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നുവെങ്കിൽ നിയമത്തിന്റെ വഴിക്ക് മുന്നോട്ടു പോവുകയും ചെയ്യാമായിരുന്നു. പക്ഷേ അതുണ്ടായില്ല. അതുകൊണ്ടു തന്നെ കുര്യന്റെ കാര്യത്തിൽ പൊതുസമൂഹത്തിനു സംശയമുണ്ടാവുക സ്വാഭാവികം.

       എന്നാൽ, ഈ വിഷയത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ ഇപ്പോഴത്തെ സമീപനത്തിൽ ഒട്ടും തന്നെ ആത്മാർത്ഥതയില്ലായെന്നുള്ളത് പച്ചയായ സത്യം. പെൺകുട്ടിയുടെ പേരു പറഞ്ഞ് സി.പി.എം ഇപ്പോൾ നടത്തുന്ന സമരമുറകൾ സത്യസന്ധമല്ലായെന്നതിനു കൂടുതൽ തെളിവ് തേടി അലയേണ്ട കാര്യമില്ല. കാരണം, സി.പി.എം ഭരിച്ചപ്പോൾപ്പോലും കുര്യനെതിരെ തെളിവ് നിരത്താനോ നടപടി സ്വീകരിക്കുവാനോ, പെൺകുട്ടിക്ക് നീതി ലഭ്യമാക്കാനോ ശ്രമിച്ചില്ലായെന്നുള്ളതിൽ നിന്നും, സഖാക്കളുടെ ഇപ്പോഴത്തെ സമരത്തിനു പിന്നിലെ ആത്മാർത്ഥത ഊഹിക്കാവുന്നതേയുള്ളൂ. തങ്ങളുടെ നേതാവിന്റെ നിലനിൽപ്പിനേക്കാളും സുരക്ഷയേക്കാളും വലുതല്ല സൂര്യനെല്ലിയിലെ പെൺകുട്ടിയുടെ നീതിയെന്ന് സർക്കാർ നിലപാടിലൂടെ കോൺഗ്രസ്സും വ്യക്തമാക്കി. പൊതുസമൂഹമാകട്ടെ, ഇതിനെതിരെ വ്യക്തമായ നിലപാടെടുക്കാതെ ഒളിച്ചു കളി സമീപനം സ്വീകരിക്കുന്നു. ഇനിയാരാണ് പെൺകുട്ടിയ്ക്ക് വേണ്ടി രംഗത്തിറങ്ങുക?




       എന്തിനെയും രാഷ്ട്രീയക്കണ്ണോടു കൂടി മാത്രം സമീപിക്കുന്ന നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടിനു പിന്നിലെ ഔചിത്യം ഊഹിക്കാവുന്നതേയുള്ളു. പക്ഷേ, പൊതുസമൂഹത്തിനു എന്താണു പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല. പ്രശ്നങ്ങൾ നേരിടുന്ന ഇരകളുടെ പക്ഷത്ത് നിന്നു കൊണ്ട് സത്യസന്ധവും പക്ഷപാത രഹിതവുമായ ഇടപെടലുകൾ നടത്താൻ എന്തുകൊണ്ടോ മലയാളി മടിക്കുന്നു. എന്തിനേയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിക്കാൻ മലയാളി ശീലിച്ചു പോയി. ഒരുപക്ഷേ, കേരളീയ പൊതുസമൂഹത്തെ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പങ്കുവെച്ചെടുത്തിരിക്കുന്നത് കൊണ്ടായിരിക്കാം ഇത്തരമൊരു സമീപനം മലയാളിക്ക് കൈവന്നത്. 


       സ്വന്തം പെൺമക്കൾ തെരുവുകളിൽ
പിച്ചിച്ചീന്തപ്പെടുമ്പോൾ, അതിനെതിരെ ഒന്നു പ്രതികരിക്കാൻ പോലും രാഷ്ട്രീയക്കോമരങ്ങളുടെ അനുമതിക്കായി കാത്തു നിൽക്കുന്ന ഗതികേട്, അത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ ആദ്യ പെൺവാണിഭക്കേസാണ് സൂര്യനെല്ലി. തുടർന്നിങ്ങോട്ട് വന്ന വിതുര, തോപ്പുംപടി, കിളിരൂർ, കവിയൂർ തുടങ്ങി എല്ലാ കേസുകളും ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും മറവിൽ ഒലിച്ചു പോയി. ദൃശ്യ മാധ്യമങ്ങളിലെ 9 മണി വാർത്തകളിലെ ഇടിവെട്ട് സംവാദത്തിനപ്പുറം ഒരിഞ്ചു മുന്നോട്ട് പോയില്ല കേരളത്തിലെ സ്ത്രീ പീഡനക്കേസുകൾ.

       ഇക്കാര്യത്തിൽ അൽപമെങ്കിലും മാറ്റം ദർശിക്കാനായത് സൗമ്യാ വധക്കേസിലാണ്. ഈ കേസിലെ പ്രതിയായ ഗോവിന്ദച്ചാമി, ഊരു തെണ്ടി സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്നയാളായത് കൊണ്ടും, ഉന്നതങ്ങളിൽ പിടിപാടില്ലാത്തതു കൊണ്ടും മാത്രം നിയമത്തിന്റെ മുന്നിലെത്തപ്പെട്ടു. പ്രതിസ്ഥാനത്ത്, സൂര്യനെല്ലിക്കേസിലെ പോലെ ഉന്നതന്മാരായിരുന്നുവെങ്കിൽ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുമായിരുന്നുവെന്നതിൽ ഒരു സംശയവുമില്ല.


       കേരളത്തിലെ ബുദ്ധി ജീവികളുടെയും, സാംസ്കാരിക നായകന്മാരുടെയും കേവല പത്ര പ്രസ്താവനകൾ കൊണ്ടു മാത്രം സൂര്യനെല്ലി പെൺകുട്ടിയ്ക്ക് നീതി ലഭിക്കില്ലെന്നുറപ്പ്. നീതി നിഷേധിക്കപ്പെട്ട്, സമൂഹ മധ്യത്തിൽ അവഹേളനത്തിന്റെയും അപമാനത്തിന്റെയും ദുരിതം പേറുന്ന പെൺകുട്ടിക്ക്, എൽ.ഡി.എഫ് - യു.ഡി.എഫ് ദുഷ്ട രാഷ്ട്രീയ അജണ്ടകൾക്കിരയാകാതെ തന്നെ നീതി ഉറപ്പാക്കപ്പെടണം.
         
                                     രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായ ഡൽഹിയിൽ, ഇന്ദ്രപ്രസ്ഥത്തിന്റെ മൂക്കിനു താഴെ നടന്ന അതിക്രൂരമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഞെട്ടലിൽ നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ല. ഡൽഹി സംഭവത്തോടനുബന്ധിച്ച് നടന്ന സമര പോരാട്ടങ്ങൾ ഇനിയും പൂർണ്ണമായി കെട്ടടങ്ങിയിട്ടില്ല. ദില്ലിയിൽനടന്ന സമരങ്ങളിൽ, സമര തേരാളികൾ ഡൽഹിയുടെ തെരുവുകൾ കീഴടക്കിയത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ സംഘടനകളുടെയോ, ആഹ്വാനമോ പിന്തുണയോ നേതൃത്വമോ ഇല്ലാതെയാണ്. ഡൽഹിയിലെ രാം ലീല മൈതാനിയിലും, ജന്ദർ മന്തിറിലും, രാഷ്ട്രപതി ഭവനു മുന്നിലും ആഞ്ഞടിച്ച സമരക്കൊടുങ്കാറ്റ്, ഭരണാധികാരികളുടെ മനസ്സുകളിൽ ആത്മസംഘർഷത്തിന്റെ പേമാരി പെയ്യിച്ചുവെന്നതിൽ സംശയമില്ല. ആ സമരത്തിനു നേരെ ഭരണ കർത്താക്കൾ ഒരുവേള കണ്ണടച്ചിരുന്നുവെങ്കിൽ, തെരുവുകളിൽ അണപൊട്ടിയ സമര പ്രവാഹം ബാരിക്കേഡുകൾ തകർത്തുകൊണ്ട് ഭരണസിരാ കേന്ദ്രങ്ങളുടെ അകത്തളങ്ങളിൽ വരെ ആഞ്ഞടിച്ചേനെ. ആരുടെയും പ്രലോഭനങ്ങളിൽപ്പെട്ട് അണഞ്ഞു പോകാത്ത ആ സമരവീര്യം, ദില്ലിയുടെ അതിർത്തികൾ ഭേദിച്ചുകൊണ്ട് കേരളത്തിന്റെ തെരുവുകളിലേക്ക് കത്തിപ്പടരാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.



       രാഷ്ട്രീയത്തിനതീതമായ ഒരു പോരാട്ടത്തിലൂടെ മാത്രമേ 
സൂര്യനെല്ലി പെൺകുട്ടിയ്ക്ക് നീതി ഉറപ്പുവരുത്താനാകൂ. അതിനായി, ഡൽഹിയിൽ നടന്ന സമര പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ കേരളത്തിനു കടമെടുക്കേണ്ടിയിരിക്കുന്നു. സൂര്യനെല്ലി പെൺകുട്ടിയ്ക്ക്, കഴിഞ്ഞ 17 വർഷമായി നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നീതി ഇനിയെങ്കിലും ഉറപ്പുവരുത്തണമെങ്കിൽ, സത്യസന്ധമായ, പക്ഷപാത രഹിതമായ, രാഷ്ട്രീയത്തിനതീതമായൊരു ഇടപെടൽ അനിവാര്യം തന്നെയാണ്. പണവും അധികാരവും ചേർന്ന്, ജീവിതം ദുസ്സഹമാക്കിയ ഇരകൾക്ക് വേണ്ടി കേരളീയ പൊതുസമൂഹം ഇനിയെങ്കിലും ഉറക്കം വിട്ടുണർന്ന് രംഗത്തേക്ക് വരുമെന്നു പ്രത്യാശിക്കാം.

No comments: