Wednesday 24 April 2013

ഒരു കോഴിക്കോടന്‍ യാത്ര


രപ്പനങ്ങാടി റെയില്‍‌വേ സ്റ്റേഷനില്‍ വെച്ചാണ് ഞാനിതെഴുതുന്നത്. സമയം രാത്രി 9.45. രണ്ട് മണിക്കൂറായി ഉറക്കം പിടിപെട്ട കണ്ണുകളുമായി ഇവിടെയിരിക്കുകയാണ്. കാത്തിരിപ്പിനു് അറുതി വരണമെങ്കില്‍ ഇനിയും കാത്തിരിക്കണം, രണ്ട് മണിക്കൂര്‍ കൂടി‍. ഈ നേരത്ത് ഞാന്‍ എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്.

പടച്ചവന്റെ ഓരോരോ തമാശകള്‍,,,,  അല്ലാതെന്തു പറയാന്‍.......

ഇന്നെനിക്കൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു, ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍. മാധ്യമ പ്രവര്‍ത്തകന്‍ ആകണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ, ഒരു ചാനലിന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിനായി  ഇന്നലെ നാട്ടില്‍ നിന്നും വണ്ടി കയറി. ഇന്ന് രാവിലെ കോഴിക്കോട് റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ((( പണ്ട് വാസ്കോഡ ഗാമ കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയത് പോലെ ))).

ഒരാഴ്ച മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തതാണ്, സംഗതി ഓണ്‍ലൈന്‍ വഴിയാ ടിക്കറ്റ് ബുക്ക് ചെയ്തെ. റിട്ടേണ്‍ ടിക്കറ്റ് വെയിറ്റിംങ് ലിസ്റ്റ് 72 ആയിരുന്നു. ഒരാഴ്ച കഴിയുമ്പോള്‍ കണ്‍ഫോം ആകൂമായിരിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. 

എന്തായാലും ഞമ്മള് കോഴിക്കോട് എത്തി. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. വിചാരിച്ചത് പോലെ പ്രയാസമൊന്നുമില്ലായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍, പാസ്സാകുമെന്നും ജോലി കിട്ടുമെന്നുമൊക്കെ പ്രതീക്ഷയുമുണ്ടായിരുന്നു. 
“നിങ്ങള്‍ ഇന്റര്‍വ്യൂ പാസ്സായി, ഇന്ന ദിവസം വന്നു ജോയിന്‍ ചെയ്തോളൂ ” എന്ന് പറഞ്ഞ് ചാനലില്‍ നിന്നും വരുന്ന വിളിയും പ്രതീക്ഷിച്ച്, അവിടെ നിന്നും പടിയിറങ്ങി. ആ സമയമെല്ലാം മനസ്സ് ഏതോ സ്വപ്നലോകത്ത് കിടന്ന് അറുമാതിക്കുകയായിരുന്നു. 
“സംഭവ സ്ഥലത്ത് നിന്നും ക്യാമറാമാന്‍ ..............നോടൊപ്പം അല്‍ അമീന്‍ തോട്ടുമുക്ക്, മീഡിയാ വണ്‍ ” എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും മറ്റും കിനാവ് കണ്ട് കൊണ്ട് മനസ്സിനെ കെട്ടഴിച്ച് അങ്ങ് വിട്ടു, സ്വപ്നലോകത്ത് എവിടെ വേണോ പോയി മേഞ്ഞിട്ട് വരാനുള്ള അനുമതിയും കൊടുത്തു. ((( ഹല്ല,,, ഈ കിനാവ് കാണുന്നതിനു പ്രത്യേക ചെലവൊന്നുമില്ലല്ലോ,,,  ഹി ഹി ഹീ...... കാശ് ചെലവില്ലാത്തത് ഇപ്പൊ അതിനു മാത്രമാണല്ലോ,,,,  അതുകൊണ്ട് ഇഷ്ടമുള്ള സ്വപ്നങ്ങള്‍ കണ്ട് നിര്‍വൃതിയടയാന്‍ മനസ്സിനെ  അങ്ങ് വിട്ടു,,,, ഹല്ല പിന്നെ.. ))).

എന്തായാലും സ്വപ്നങ്ങള്‍ക്കൊക്കെ താത്കാലിക വിരാമമിട്ടു കൊണ്ട്,  മടങ്ങി വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. വൈകൂന്നേരം 6.40 നാണ് ട്രെയിന്‍. കുറച്ച് കോഴിക്കോടന്‍ ഹല്‍‌വയും വാങ്ങി റെയില്‍‌വേ സ്റ്റേഷനിലെത്തി.  PNR status check ചെയ്തു; waiting list 14.  ട്രെയിന്‍ വരാന്‍ ഇനിയും അര മണിക്കൂര്‍ സമയമുണ്ട്. കുറച്ച് നേരം അവിടെയും ഇവിടെയും ഒക്കെ കറങ്ങി നടന്നിട്ട് വീണ്ടും വന്ന്, പ്രതീക്ഷയോടെ മെഷീന്റെ ബട്ടണമര്‍ത്തി. പക്ഷേ, നിരാശയായിരുന്നു ഫലം, മെഷീന്‍ വര്‍ക്ക് ചെയ്യുന്നില്ല. ട്രെയിനും വരാറായി. ഏതാ ബോഗി, എത്രയാ സീറ്റ് നമ്പര്‍ എന്നൊന്നും അറിയാതെ എങ്ങനെ ട്രെയിനില്‍ കയറും???  

ഉടന്‍ ഫോണെടുത്ത് വീട്ടിലേക്ക് ഡയല്‍ ചെയ്തു. എന്റെ കാക്കാടെ മകനോട്, നെറ്റില്‍ നോക്കി ചെക്ക് ചെയ്യാന്‍ പറഞ്ഞു......  അവന്‍ ചെക്ക് ചെയ്തിട്ട് പറഞ്ഞു

“കൊച്ചാ‍പ്പാ........  വെയിറ്റിങ് ലിസ്റ്റ് 14,,, chart prepared" എന്ന്.............  

പണ്ടാരം!!!  ഇനിയെന്ത് ചെയ്യും????  എവിടെയെന്നും പറഞ്ഞ് കയറും,,, ഏത് സീറ്റില്‍ പോയി ഇരിക്കും???  ആകെ  ടെന്‍ഷനായി...... ആലോചിച്ചു നില്‍ക്കുമ്പോഴേക്കും ട്രെയിനിന്റെ ചൂളം വിളി കേട്ടു... മൈക്കില്‍ അനൌണ്‍സ്മെന്റും ഉയര്‍ന്നു.......   

“ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,,,, മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന, trivandrum express പ്ലാറ്റ്ഫോം നമ്പര്‍ ഒന്നിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.... ”  

“ യാത്രിയോം കാ കൃപയാ‍..........,............    ഗാഡീ നമ്പര്‍.........................,........ ”

ഉടന്‍ തന്നെ അടുത്ത് നിന്നൊരാളോട് വളരെ വിനയാന്വിതനായി ചോദിച്ചു,,,, എന്റേത്  waiting list ആണ്, എന്ത് ചെയ്യണമെന്ന്. പുള്ളി ചോദിച്ചു, waiting list നമ്പര്‍ എത്രയാണെന്ന് ? ഞാന്‍ പറഞ്ഞു 14. അപ്പോള്‍ അദ്ദേഹം  പറഞ്ഞു; “തത്കാലം ഏതെങ്കിലുമൊരു ബോഗിയില്‍ കയറി അഡ്ജസ്റ്റ് ചെയ്തിരുന്നാല്‍ മതി. TTR വരുമ്പോള്‍ ഒന്നു പതപ്പിച്ചു കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ സംഗതി നടക്കും, നിങ്ങളുടെ ഭാഗ്യം പോലെയിരിക്കുമെന്ന്.........”  പുള്ളിക്ക് ഒരു താങ്ക്സും പറഞ്ഞ് S6 ബോഗിയില്‍ കയറി. നല്ല തിരക്കുണ്ടായിരുന്നു. ഒരു വിധം നുഴഞ്ഞു കയറി ഒരു സീറ്റൊപ്പിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഞാനൊന്നും അറിഞ്ഞിട്ടില്ലായെന്ന മട്ടില്‍ ബാഗും കെട്ടിപ്പിടിച്ചു ആ സീറ്റില്‍ അങ്ങനെയിരുന്നു... നല്ല ക്ഷീണവുമുണ്ടായിരുന്നു. ഒന്നു ഉറങ്ങിയാല്‍ കൊള്ളാമെന്നും ഉണ്ടായിരുന്നു,,,,  പക്ഷേ,, അതിനു സാധിക്കില്ലല്ലോ......... കോഴിക്കോട് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട് ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു TTR വന്നു.  വന്നയുടന്‍ അയാള്‍ പറഞ്ഞു; റിസര്‍വേഷന്‍ ഇല്ലാത്തവര്‍ പെട്ടെന്ന് കൂടും കുടുക്കയുമൊക്കെ എടുത്തോണ്ട് സ്ഥലം കാലിയാക്കണമെന്ന്. അതിനു കാരണവുമുണ്ട്, sleeper coach ആയിരുന്നിട്ട് കൂടി  ഭയങ്കര തിരക്കുണ്ടായിരുന്നു. TTR ന്റെ കല്‍‌പന വന്നയുടന്‍ നാലും നാലു വാക്കിനോടി..... ((( ഞമ്മള് എങ്ങോട്ടും പോയില്ല ട്ടോ,,, ഒന്നും കേള്‍ക്കാത്ത മട്ടില്‍ അവിടെ തന്നെയിരുന്നു,,  ഹ ഹ ഹ)))

പിന്നെ ആ കോച്ച് ശാന്തം........ സുന്ദരം.......... അവിടമാകെ സമാധാനം

പുള്ളി ടിക്കറ്റ് നോക്കിത്തുടങ്ങിയപ്പോള്‍, നൈസില്‍ അയാളുടെ അടുത്ത് പോയിട്ട് വളരെ എളിമയോടെ ഞാന്‍ പറഞ്ഞു; സര്‍,  എന്റേത് വെയിറ്റിങ് ലിസ്റ്റ് 14 ആണ്. എന്തെങ്കിലും ഒന്നു ചെയ്തു തരണം. ഒരു രക്ഷയുമില്ലെന്ന്‍ അദ്ദേഹം പറഞ്ഞു. എന്നാലും, വെറുതെ ഞാന്‍ ടിക്കറ്റ് പുള്ളിയുടെ നേര്‍ക്ക് ഒന്ന് നീട്ടി. അയാളത് വാങ്ങി നോക്കിയിട്ട് ചോദിച്ചു; “ ഇ-ടിക്കറ്റാണല്ലേ ??? ഇ-ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, താങ്കള്‍ ടിക്കറ്റില്ലാത്ത യാത്രക്കാരന്‍ ആണെന്നാണ്. ടിക്കറ്റ് കണ്‍ഫോം ആയില്ലെങ്കില്‍ ക്യാഷ് നിങ്ങളുടെ അക്കൌണ്ടില്‍ ക്രെഡിറ്റ്  ആകും. ഈ ടിക്കറ്റ് കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കില്ല. fine അടിക്കാന്‍ ഇത് ധാരാളം.  പക്ഷേ, ഞാനത് ചെയ്യുന്നില്ല.  അടുത്ത സ്റ്റേഷനിലിറങ്ങി local compartment ticket എടുത്തോണ്ട് കയറണം. മറ്റാരെങ്കിലും വന്ന് ടിക്കറ്റ് ചെക്ക് ചെയ്താല്‍ പണി പാളും. അത് കൊണ്ട് പെട്ടെന്ന് അടുത്ത സ്റ്റേഷനില്‍ ഇറങ്ങണം.”  സത്യം പറഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ സ്തബ്ധനായി നിന്ന എന്റെയടുക്കലേക്ക്, തൊട്ടടുത്തിരുന്ന ഒരു യാത്രക്കാരന്‍ വന്നിട്ട് പറഞ്ഞു;  
“വിഷമിക്കണ്ട, അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പെട്ടെന്ന് ലോക്കല്‍ കം‌പാര്‍ട്ട്മെന്റില്‍ കയറണം. എവിടെയെങ്കിലും 10 മിനിറ്റ് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവിടെ ഇറങ്ങി ടിക്കറ്റ് എടുത്തിട്ട് വേഗം കയറിയാല്‍ മതിയെന്ന് ”. 

പറഞ്ഞു തീര്‍ന്നതും  ട്രെയിന്‍ പരപ്പനങ്ങാടി സ്റ്റേഷനില്‍  നിറുത്തി. ഞാന്‍ ബാഗുമെടുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി. ലോക്കല്‍ കം‌പാര്‍ട്ട്മെന്റ് ഒരുപാട് മുന്നിലാണ്. ഓടാന്‍ വയ്യ, കാലുകള്‍ മുന്നോട്ട് നീങ്ങുന്നില്ല.... എന്നാലും ഒന്നു ഓടാന്‍ ശ്രമിച്ചു..... പക്ഷേ, പെട്ടെന്ന് ട്രെയിന്‍ ചൂളം വിളിച്ചു. ഞാന്‍ വേഗത്തിലോടാന്‍ ശ്രമിച്ചു. അപ്പോഴേക്കും ട്രെയിന്‍ അനങ്ങി തുടങ്ങി, കുറേച്ചെ വേഗതയും കൂടി. പിന്നെ ഞാന്‍ ഓടിയില്ല.  കാരണം,  ഓടിയിട്ടും കാര്യമില്ലാന്ന്  അറിയാം. ട്രെയിന്‍ പോയി, ഞാന്‍ പെരുവഴിയിലായി. 

അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോയി. പിന്നെ എന്‍‌ക്വയറിയില്‍ പോയി, തിരുവനന്തപുരത്തേക്ക് ഇനി എപ്പോഴാ ട്രെയിന്‍ എന്ന് തിരക്കി. രാത്രി 11.45 എന്നു മറുപടി. ഞാന്‍ വാച്ചിലേക്ക് നോക്കി, സമയം 7.25...........  കണ്ണുനീര്‍ അണപൊട്ടി ഒഴുകുകയാണോ എന്നൊരു സംശയം. നിയന്ത്രിച്ചു നിര്‍ത്തി. ചുറ്റും നോക്കി,,, കുറേ കുടിയന്മാരെയും  മാനസ്സിക നില തെറ്റി പിറുപിറുക്കുന്ന കുറേ മനുഷ്യക്കോലങ്ങളെയും മാത്രമേ ചുറ്റും കാണാന്‍ സാധിച്ചുള്ളൂ............  ഏതാണ്ട് നാലു മണിക്കൂര്‍ ഇവിടെ കുത്തിയിരിക്കണമല്ലോ എന്ന് ആലോചിച്ചപ്പോള്‍, മനസ്സ് വല്ലാതെ നിയന്ത്രണം വിടുന്നത് പോലെയൊരു തോന്നല്‍.........  അടുത്തു കണ്ട ഒരു കസേരയില്‍ പോയി ചാരിയിരുന്നു.............
എന്തിനാ റബ്ബേ എന്നോട് ഇങ്ങനെയൊരു പരീക്ഷണം................. അതും ഈ രാത്രി സമയത്ത് ,  അപരിചിതമായൊരു സ്ഥലത്ത് വെച്ച് .....    ഇങ്ങനെയൊരു പരീക്ഷണത്തിനു കാരണം.......??????????

ചിന്തകള്‍ കാടുകയറി,,,,, ഭാവിയിലേക്കും, ഭൂതത്തിലേക്കും ഒക്കെ ചിന്തകളെ പറിച്ചു നട്ടു............... 
ഞാനിരുന്ന കസേരയുടെ കുറച്ചടുത്തായി, പ്ലാറ്റ്ഫോമില്‍ അന്തിയുറങ്ങാന്‍ തയ്യാറെടുക്കുന്ന ഒരു മാനസ്സിക രോഗി. അയാളുമായി തര്‍ക്കിക്കുന്ന 3 കുടിയന്മാര്‍....  തര്‍ക്കം മൂര്‍ച്ഛിച്ചു.........  അവസാനം പരസ്പരം ചീത്തവിളിയുമായി....... മത്സരിച്ചുള്ള ചീത്തവിളി..................  പലതും നല്ല ഒന്നാന്തരം "പൂഞ്ഞാറന്‍" ശൈലിയില്‍. എല്ലാം കേട്ടു കൊണ്ടിരുന്നു. നല്ല ഉറക്ക ക്ഷീണവുമുണ്ട്. സമയം വളരെ ഇഴഞ്ഞാണ് നീങ്ങുന്നതും. എന്ത് ചെയ്യട്ടെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഇത്തരം അനുഭവങ്ങള്‍ നിങ്ങളുമൊത്ത് പങ്കുവെക്കണമെന്ന് ഒരാഗ്രഹം,,,, പിന്നെ മറ്റൊന്നും ആലോചിച്ചില്ല..........പേനയും ഡയറിയുമെടുത്തു,,, ദക്ഷിണ റെയില്‍‌വേയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് എഴുത്തും തുടങ്ങി.............

No comments: